കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാന
കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂത ശബ്ദത്തോടും
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം(3) മദ്ധ്യാകാശത്തിൽ
മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
പെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേ
തീരാത്ത സന്തോഷം(3) പ്രാപിക്കുമവർ
ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കുമന്നേരത്തിൽ
ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും(3) ദൂതതുല്യരായ്
കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തന്‍റെ കാന്തയാകും വിശുദ്ധ സഭ
മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തുസന്തോഷം(3) ഉണ്ടാമവർക്ക്
സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
ക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോൾ
ആമോദമായ് പാടും(3) ശാലേമിൻ ഗീതം
രാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽ
ആയിരമാണ്ടു വാഴാൻ വന്നീടുമ്പോൾ
ശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നു
വാണിടും ഭൂമിയിൽ(3) രാജാധിരാജൻ
അത്യുന്നതനായവന്‍റെ ശുദ്ധർക്കു
രാജ്യം വിഭജിക്കുന്ന നാൾ വരുന്നു
രാജാക്കളായിട്ടവർ വാണീടുമേ
ഹാ എന്തു സന്തോഷം (3) സ്വർഗ്ഗായുഗത്തിൽ
മൃഗത്തിന്‍റെ വാളിനിരയായോരും
വെള്ള നിലയങ്കി ധരിച്ചുകൊണ്ടു
രാജാധി രാജനോടുകൂടെ വാഴും
അവർക്കു സന്തോഷം(3) ഉണ്ടെന്നുമെന്നും
വെള്ളസിംഹാസനം താൻ സ്ഥാപിച്ചിട്ടു
ദുഷ്ടന്മാരാം സർവ്വ ജനങ്ങളെയും
രാജൻ മുമ്പിൽ ഒന്നായി ചേർത്തുകൊണ്ടു
ന്യായം വിധിച്ചീടും(3) അന്ത്യദിനത്തിൽ
ആകാശം ചുരുൾപോലെ മാറിപ്പോകും
ഭൂമിയും അതിലുള്ള സമസ്തവും
അഗ്നിയാലശേഷം ചുട്ടഴിഞ്ഞു താൻ
ശുദ്ധീകരിച്ചീടും(3) സർവ്വവല്ലഭൻ
ആദ്യം മുതൽക്കുള്ള സർവ്വശുദ്ധരും
തേജസ്സിൽ കർത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും(3) പാർത്തിടുമവർ
ദേവാധി ദേവൻ സർവ്വത്തിന്നും മീതെ
തൻകൂടാരം വിശുദ്ധർ മദ്ധ്യത്തിലും
എന്നേക്കുമവർ തന്നെക്കണ്ടു മോദാൽ
ഹല്ലേലുയ്യാ പാടും(3) നിത്യയുഗത്തിൽ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും