നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ
നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ
അന്ധകാര പൂർവ്വമായ രാത്രിയാണു പോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻ
നീ നയിക്കുക നീ നയിക്കുക സാദരം വിഭോ
നിൻ പ്രകാശധാര തൂകി നീ നയിക്കുക
ഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോ
ഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽ
എന്‍റെ മാർഗ്ഗമെന്‍റെയിഷ്ടമെന്ന പോലെയായ്
നിന്‍റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ…
ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്
ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻ
എന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ്
നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ;- നീ…
മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലും
നിർജ്ജനം മഹീതലം കടക്കുവോളവും
ഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരം
നിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ;- നീ…
രാത്രിതന്നിരുൾ മറഞ്ഞു പൊൻ പ്രഭാതമായ്
വാനവർ പൊഴിച്ചീടുന്ന മന്ദഹാസവും
ഏറെയേറെ ഞാൻ കൊതിച്ചു കാത്തിരുന്നൊരാ
നല്ലനാളു സ്വാഗതം ഉതിർത്തിടുന്നിതാ;- നീ…
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും