എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു
സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു
ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ…
തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി-
ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ്
തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടും
പ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ…
നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ
ലജ്ജിതാനായ് തീർന്നുപോകാതെ
നന്ദിയോടെൻ പ്രിയൻ മുമ്പിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ;- എന്‍റെ…
കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സീയോൻ പുരിയിൽ
ചെന്നുചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിൻതുടരും;- എന്‍റെ…
എന്‍റെ ദേശം ഇദ്ധരയല്ല അന്യനായ് സാധു
ഹാമിൻ ദേശം വിട്ടുപോകുന്നു
മേലിന്നെരുശലേമെന്നെ ചേർത്തു കൊൾവാനൊരുങ്ങിത്തൻ
ശോഭയേറും വാതിലുകളെനിക്കായിട്ടുയർത്തുന്നു;- എന്‍റെ…
എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുമ്പാകെ
ശോഭയേറും രാജ്ഞിയായിത്തൻ
മാർവ്വിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ എനിക്കീ മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ;- എന്‍റെ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള