പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ
പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…
തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…
എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ
സന്താപസാഗരം തന്നിൽ വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-
മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…
പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമെ
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…
പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ
സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…
കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ
സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള