സന്തതം സ്തുതിചെയ്യുവിൻ പരനെ
സന്തതം സ്തുതിചെയ്യുവിൻ പരനെ
ഹൃദി ചിന്തതെല്ലും കലങ്ങാതെ
സന്തതം സ്തുതിചെയ്യുവിൻ പരനെ
സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു
ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ
ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു
ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു
അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ
നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും
അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ
വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു
ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ
സത്വഗുണപ്രധാനനായ് സാധുജനത്തെ
എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും
താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ
അംബുദനികരങ്ങളാലംബരമാകവേ മൂടീ
ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി
വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ
ലംബനമായ് മൃഗപക്ഷിസഞ്ചയത്തെ പുലർത്തുന്നു
ഇല്ല തെല്ലമേ പ്രസാദം നല്ല കുതിരയിൻ ബലം
മല്ലരിൻ ചരണങ്ങളെന്നുള്ളവ തന്നിൽ
നല്ലപോൽ ഭയന്നു തന്‍റെ ഉള്ളിലിവന്നായ് പ്രതീക്ഷി
ല്ലലെന്യേ വസിപ്പവൻ തന്നിലത്രേയവൻ പ്രിയം
ഉന്നതശാലേമേ സീയോൻ വൻനഗരമേ ജഗതാം
മന്നവനെ സ്തുതിച്ചഭിവന്ദനം ചെയ്‌വിൻ
നിന്നുടെ തഴുതുകളെ നന്നേയുറപ്പിച്ചിതവൻ
നിന്നകത്തുള്ള സുതരെയുന്നതനനുഗ്രഹിച്ചാൻ
നിന്നതിരിൽ സമാധാനമൂന്നിയുറപ്പിച്ചു കോത
മ്പിന്നരുളാൽ തവ തൃപ്തിതന്നരുളിനാൻ
തന്നുടെ വചനം ദ്രുതം മന്നിലേക്കയച്ചു ഭസ്മ
സന്നിഭമായ് ഹിമംതൂകി പഞ്ഞിപോലതു ചിതറി
എത്രയും ഘനീഭവിച്ചു രത്തഹിമക്കഷണങ്ങ
ളിദ്ധരയിലെറിയുമ്പോൾ മർത്ത്യനൊരുവൻ
ഉത്തമൻ തൻ കുളിരിൻ മുൻപൊത്തു നിൽക്കുമോ സ്വവാചാ
അത്രയുമവൻ ദ്രവിപ്പിച്ചുൽസ്രുതജലങ്ങളാക്കും
തന്നുടെ വചനം യാക്കോബിന്നുമവൻ
വിധി യിസ്രേലിന്നുമരുളുന്ന പരമോന്നതനേവം
അന്യജാതിയോടു ചൊല്ലീട്ടില്ലയവൻ ന്യായമവ
രൊന്നുമറിയുന്നില്ലവന്നല്ലലുയ്യാ പാടിടുവിൻ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള